വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കും. സഭയിൽ ഔട്ട് ഓഫ് അജൻഡയായാണ് റിപ്പീലിംഗ് ബിൽ കൊണ്ടു വരിക. സർക്കാരിന്റെ നിലപാട് മാറ്റം യുഡിഎഫ് വിജയമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ആശങ്കകൾ പൂർണമായി പരിഹരിക്കണമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. പുതിയ നിയമനസംവിധാനത്തിൽ മത സംഘടനക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ.
മുസ്ലീം സംഘടനകളുടെ നിരന്തര എതിർപ്പിന് പിന്നാലെയാണ് സർക്കാരിന്റെ യൂ ടേൺ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ തീരുമാനം എടുത്തത്. റദ്ദാക്കൽ ബില്ലായത് കൊണ്ടുതന്നെ ബില്ലിന്മേലുള്ള പതിവ് നടപടിക്രമങ്ങളൊന്നും ആവശ്യമില്ല. പ്രതിപക്ഷത്തിനും യോജിപ്പുള്ള കാര്യമായതിനാൽ ചർച്ചയ്ക്കും സാധ്യതയില്ല.
ലീഗ് നടത്തിയ പ്രക്ഷോഭം വിജയം കണ്ടതിൽ അഭിമാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന് ദുരഭിമാനമായിരുന്നുവെന്നും, മറ്റു ബദൽ രീതിയോട് സഹകരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വഖഫ് നിയമനത്തിന് പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. നിയമനത്തിന് അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.