ജെൻഡർ ന്യൂട്രാലിറ്റി: മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാന്തപുരം
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചത് കേരളമുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്തു. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്ന സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ ഭാവിയെ കൂടുതൽ മനോഹരമാക്കുകയും സമൂഹങ്ങൾക്കും ഭരണകൂടങ്ങൾക്കുമിടയിൽ അനൈക്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ദുർബലപ്പെടുത്തുകയും ചെയ്യും.
അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ മാനിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. ക്ലാസ്റൂമിൽ ഇടകലർത്തിയിരുത്തിക്കൊണ്ട് ഉണ്ടാക്കിയെടുക്കേണ്ട ബോധമല്ല അത്. സ്ത്രീ പുരുഷന്മാർക്കിടയിലെ പ്രകൃത്യാ ഉള്ള വൈജാത്യങ്ങൾ ഇല്ലാതാക്കാൻ വേഷം മാറിയത് കൊണ്ടും കാര്യമില്ല. തെറ്റായ തീരുമാനങ്ങളിലൂടെ ശരിയിലേക്ക് എത്താനാകില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം കൈവരിച്ച മികവുകളെ ഇല്ലാതാക്കാൻ മാത്രമേ ഇത്തരം നടപടികൾ നിമിത്തമാകൂ. അതുൾക്കൊണ്ട് തീരുമാനം പുനഃപരിശോധിക്കാനും തിരുത്താനും തയാറായ വിദ്യാഭ്യാസവകുപ്പ് അഭിനന്ദനമർഹിക്കുന്നുവെന്ന് കാന്തപുരം പറഞ്ഞു.