മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യം,ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് ; കാന്തപുരം
പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യമെന്നും തെറ്റായ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയാണ് വേണ്ടെതെന്നും കാന്തപുരം ആവശ്യപ്പെട്ടു. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും പരസ്പരം യോജിച്ച് സ്‌നേഹത്തോടെ മുന്നോട്ട് പോവണം. എല്ലാ വിഭാഗങ്ങളിലും തെറ്റ് ചെയ്യുന്നവരുണ്ട്. ചിലര്‍ പുതിയ പേര് കൊണ്ടുവന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് ആര് ശ്രമിച്ചാലും ആശ്വാസകരമാണെന്നും കാന്തപുരം പറഞ്ഞു.
ജിഹാദ് വിവാദത്തില്‍ പാല ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു വിഭാഗത്തെ നോവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന രീതിയില്‍ ഒരു മത മേലാധ്യക്ഷന്‍മാരുടെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള പരാമര്‍ശവും ഉണ്ടാവരുത്. താമരശ്ശേരി ബിഷപ്പ് കൈപുസ്തകം ഇറക്കാന്‍ പാടില്ലായിരുന്നു. ഇസ്ലാമില്‍ മതം മാറ്റാന്‍ ജിഹാദ് ഇല്ല. ഇസ്ലാം മതം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ലൗ ജിഹാദ് എന്ന പ്രവണത. മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിങ്ങളുടെയും പേരില്‍ കെട്ടിവെക്കരുത്. മുസ്ലീംങ്ങള്‍ക്ക് ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ലെന്നും വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കും തടയിടേണ്ടത് സര്‍ക്കാരാണെന്നും ജിഫ്രി തങ്ങള്‍ ചൂണ്ടിക്കാട്ടി.