Saturday, October 19, 2024
Kerala

കേന്ദ്ര സർക്കാർ രാജ്യത്തിന് ആപത്ത്, കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. കിഫബിയെ എതിർക്കുന്നത് നാടിന് ഗുണമുണ്ടാക്കുന്നത് തടയാനാണെന്നും, വികസന സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ശക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് നാനാത്വം ഇല്ലാതാക്കി ഏകശിലാ രൂപത്തിലാക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നവർ അജണ്ട കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ആശങ്കയിലാണ്. ഫെഡറിലസത്തിന്റെ കടക്കല്‍ കത്തിവക്കുന്നതാണ് കേന്ദ്ര സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് രാജ്യത്തിന് ശാപമായി നിലനിൽക്കുകയാണ്. പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്ത് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് കണ്ടതാണ്. ഭരണഘടന നൽകിയ അവകാശം പോലും ഇല്ലാതാക്കിയവർക്ക് എന്തുമാകാമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published.