ഷാജഹാൻ വധക്കേസ് : ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട് ഷാജഹാൻ വധക്കേസിൽ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതി വിഷ്ണു, ആറാം പ്രതി സുനീഷ്, ഏഴാം പ്രതി ശിവരാജൻ, എട്ടാം പ്രതി സതീഷ് എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.കൃത്യം നടത്താൻ ഒപ്പമുണ്ടായിരുന്നവരാണ് ഇന്നലെ അറസ്റ്റിലായ പ്രതികളും. ഇവരേയും ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തേക്കും.എട്ട് പ്രതികളേയും വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കേസിൽ മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എട്ട് പേർക്ക് പുറമേ മറ്റ് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇതിനോടകം ചോദ്യം ചെയ്തു.കൊലപാതകത്തിന്റെ ഗൂഡാലോചനയിലോ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിലോ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇതിനിടെ പ്രതികളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച ചർച്ചകളും സജീവമാണ്.തങ്ങൾ സിപിഐഎം ആണെന്ന് പ്രതികളിലൊരാൾ ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.