സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിൽ രാജ്യം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിൽ രാജ്യം. പ്രധാന വേദിയായ ചെങ്കോട്ട ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ട അടക്കം കനത്ത സുരക്ഷയിലാണ്.
75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെൻറ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവർണ്ണ ശോഭയിൽ തിളങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.ഹർ ഘർ തിരംഗ പ്രചാരണം ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ റാലികൾ ഇന്നും നടക്കും.പ്രമുഖ വ്യക്തിത്വങ്ങൾ ഹർ ഘർ തിരംഗ് പ്രചാരണത്തിന്റെ ഭാഗമാകും.
പഴുതടച്ച സുരക്ഷയിലാണ് ഡൽഹിയും മറ്റു പ്രധാന നഗരങ്ങളും. ഡൽഹിയിൽ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ കഴിഞ്ഞു.ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അത്യാധുനിക ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങൾ ,മെട്രോ സ്റ്റേഷനുകളിലും,റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി.