Tuesday, March 11, 2025
National

രാജിക്ക് പിന്നാലെ ബിഹാറിൽ ഇന്ന് വീണ്ടും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ; ആർജെഡി പിന്തുണയോടെ മുഖ്യമന്ത്രിയാകും

എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺ​ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ രൂപീകരണം നടക്കുക. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡിക്ക് നല്‍കാനാണ് ധാരണയായത്. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം.കോണ്‍ഗ്രസും പുതിയ സര്‍ക്കാരിന്റെ ഭാഗമാകും.

ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *