ക്ഷേത്രത്തിൽ ഇറച്ചി കഷണം എറിഞ്ഞു, ഉത്തർപ്രദേശിൽ 3 മാംസക്കടൾക്ക് തീയിട്ടു
ഉത്തർപ്രദേശിലെ കനൗജിൽ ക്ഷേത്ര വളപ്പിലേക്ക് അജ്ഞാതർ ഇറച്ചിക്കഷണം എറിഞ്ഞു. തൽഗ്രാം റസുലാബാദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. പ്രകോപിതരായ ഹൈന്ദവ സംഘടനകൾ പ്രദേശത്തെ മൂന്ന് ഇറച്ചി കടകൾ കത്തിച്ചു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ശനിയാഴ്ചയാണ് അജ്ഞാതർ ഇറച്ചിക്കഷണം എറിഞ്ഞത്. റസുലാബാദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര പൂജാരിയാണ് ഇറച്ചിക്കഷ്ണങ്ങൾ കണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ ഹൈന്ദവ സംഘടനകൾ തൽഗ്രാം-ഇന്ദർഗഡ് റോഡ് ഉപരോധിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു. അന്തരീക്ഷം സംഘർഷ ഭരിതമായതിനാൽ സ്ഥിതിഗതികൾ നിരീക്ഷണത്തിലാണ്. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.