Tuesday, April 15, 2025
National

പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വിലക്കൂടും; പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ

പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വില കൂടും. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനൊപ്പമാണ് ഇപ്പോൾ ജിഎസ്ടി നിരക്കിനനുസരിച്ച് വീണ്ടും ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പടെ വില വർധിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അദ്ധ്യക്ഷതയിൽ അടുത്തിടെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റംവരുന്നത്. ചുരുക്കത്തിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്കായി ജനങ്ങൾ കൂടുതൽ പണം മുടക്കേണ്ടിവരും. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ബ്രാൻഡ് ചെയ്യാത്ത, പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷിക ഉൽപന്നങ്ങളെയും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

ജൂലൈ 18 മുതൽ വില കൂടുന്ന ഇനങ്ങൾ

മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, മത്സ്യം, പാല്‍, തൈര്, ലസ്സി, പനീർ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, തേൻ, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ശർക്കര, ജൈവ വളം, കമ്പോസ്റ്റ്, ബ്ലൈഡുകൾ, സ്പൂണുകൾ, കട്ടിംഗ് ബ്ലൈഡുകൾ, പെൻസിൽ കട്ടർ, കേക്ക്-സെർവറുകൾ എന്നിവയ്ക്ക് ജൂലൈ 18 മുതൽ വില കൂടും.

ഈ തീരുമാനങ്ങൾ കൊക്കൊണ്ടത് കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *