മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല: രമേശ് ചെന്നിത്തല
മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭയിൽ വിമർശനവുമായി രമേശ് ചെന്നിത്തല. മെഡിസെപ്പ് ലിസ്റ്റിൽ പ്രശസ്‌തമായ ആശുത്രികൾ ഇല്ല. ലിസ്റ്റിൽ കൂടുതലും കണ്ണാശുപത്രികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സർക്കാർ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് നിയമസഭയിൽ
ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു.
മെഡിസെപ്പ് പദ്ധതിക്കായി വാർഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരിൽ നിന്ന് ഈടാക്കുമ്പോൾ അതിൽ 336 രൂപ മാത്രമാണ് സർക്കാർ വിഹിതം. നാൽപത് കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ പേര് മെഡിസെപ്പ് എന്നല്ല മേടിക്കൽ സെപ്പ് എന്ന് മാറ്റണം. കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണം. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സർക്കാർ തിരക്കിട്ട് നടപ്പിലാക്കിയ പദ്ധതിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മെഡിസെപ്പ് പദ്ധതിക്ക് കിട്ടിയത് വലിയ സ്വീകാര്യതയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും 50 വയസ്സിന് മുകളിലുള്ളവർക്ക് പദ്ധതി വലിയ ഉപകാരപ്രദമാണെന്നും ധനമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.