സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കിയുളള 11 ജില്ലകളിലും യെല്ലോ അലേർട്ടാണ്.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ഒഡിഷക്കും സമീപപ്രദേശത്ങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ശക്തി കൂടിയ ന്യൂനമർദമാണ് മഴയ്ക്കുള്ള പ്രധാന കാരണം.
അതേസമയം, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ അതിതീവ്ര മഴ അടുത്ത രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ പാൽഘർ വസായ് മേഖലയിൽ രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട് . ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വ്യാപക മണ്ണിടിച്ചിലിനെ തുടർന്ന്
ബദരീനാഥ് ഹൈവേ അടച്ചു . മേഖലയിൽ നിരവധി വീടുകൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാചലിലെ മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പ്രളയം അതിരൂക്ഷമായ ഗുജറാത്തിലെ എട്ടു ജില്ലകൾ റെഡ് അലർട്ടിൽ തുടരുന്നു. ഗുജറാത്തിൽ 28,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രാജ്‌കോട്ട് ജില്ലയിലെ ന്യാരി അണക്കെട്ട് കവിഞ്ഞൊഴുകി. തെലങ്കാന, ഒഡീഷ,ഛത്തീസ്ഗഡ്, എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.