രക്തസാക്ഷി ഫണ്ടില്‍ നിന്നല്ല, ഏരിയകമ്മറ്റി ഫണ്ടിൽ നിന്നാണ് ധനരാജിൻ്റെ കടം തീർത്തത്’; എം വി ജയരാജന്‍
കണ്ണൂര്‍: ഏറെ വിവാദമായ പയന്നൂരിലെ സിപിഎം ഫണ്ട് തിരിമറിയില്‍ വിശദീകരണവുമായി ജില്ല സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ഏരിയ കമ്മറ്റി ഫണ്ടിൽ നിന്നാണ് ധനരാജിൻ്റെ കടം തീർത്തതെന്ന് ജയരാജൻ വ്യക്തമാക്കി. ധനരാജ് ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ പിൻവലിച്ചു എന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു.
പയ്യന്നൂർ ഫണ്ട് തിരിമറി അടഞ്ഞ അധ്യായമാണ് . പയ്യന്നൂരിൽ ടി ഐ മധുസൂധനന്‍ ഉൾപ്പടെ ആരും ഫണ്ട് തിരിമറി നടത്തിയിട്ടില്ല. പാർട്ടിയോട് കുഞ്ഞികൃഷ്ണൻ കലഹിക്കുന്നുണ്ടോ എന്നത് അദ്ദേഹത്തോട് ചോദിക്കണം. പാർട്ടി പ്രവർത്തനത്തിലേക്ക് തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തോട് ഞങ്ങൾ പറയുന്നത്. കുഞ്ഞികൃഷ്ണനെ നശിപ്പിക്കാനാണോ വക്കാലത്തിനാണോ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ദീർഘകാലമായി ഒരു അക്കൗണ്ട് കൈകാര്യം ചെയ്തപ്പോഴുണ്ടായ വീഴ്ചയാണ് പയ്യന്നൂരിൽ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
‘പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ല’; പുതിയ കണക്കുമായി സിപിഎം
പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുമായി സിപിഎം. പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവർ മുന്നോട്ട് വെച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുർവിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല.