ചരിത്ര വിജയം നേടി മിറ്റ ആൻ്റണി; ഒരു സ്ത്രീക്ക് ആദ്യമായി ഫെഫ്കയുടെ മേക്കപ്പ് യൂണിയൻ അംഗത്വം ലഭിച്ചു
മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമൺൻ്റെ കാർഡ് ലഭിച്ചു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആൻ്റണിയാണ് ഈ നേട്ടത്തിന് അർഹയായിരിക്കുന്നത്.
മിറ്റ ആൻ്റണിയ്ക്ക് ലഭിച്ച ഈ മേക്കപ്പ് കാർഡ്, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തു കൂടിയാണെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞു .കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിൻ്റെ ആദ്യവിജയമാണിത്.
ഇത് ഒരാളിൽ ഒതുങ്ങാതെ ഇനിയും കൂടുതൽ സ്ത്രീകൾക്ക് മെയ്ക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ്റെ പ്രസ്തുത കാർഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴിൽ അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ! കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് ഡബ്ല്യൂ.സി.സി ട്വീറ്റ് ചെയ്തു.