വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതികളും നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ നിലനിൽക്കില്ലെന്നും പ്രതികൾ പറയുന്നു ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ പരാതി ശരിവെക്കുന്നതാണെന്നും പ്രതികൾ അറിയിക്കും
അതേസമയം പ്രതികളുടെ നീക്കം തടയുന്നതിനായി പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ചും നീക്കമാരംഭിച്ചു. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളിലെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനക്ക് കൂടുതൽ തെളിവ് കിട്ടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ കുസാറ്റ് ആൽഫി നഗറിലെ വില്ലയിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. നേരത്തെ സുരാജിന്റെ കത്രിക്കടവിലെ ഫ്‌ളാറ്റിലും പരിശോധന നടന്നിരുന്നു. കേസിൽ ദിലീപും മറ്റ് പ്രതികൾക്കും ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.