Thursday, October 17, 2024
National

ഉത്തർപ്രദേശിൽ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ്; 2.27 കോടി വോട്ടർമാർ വിധിയെഴുതും

 

ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ് നടക്കുക. 2.27 കോടി വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്.

11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 2017ൽ 53 സീറ്റുകളും ബിജെപി ജയിച്ചിരുന്നു. എന്നാൽ കർഷക സമരം, ലഖിംപൂർഖേരി കൊലപാതകം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ഭരണവിരുദ്ധ വികാരം ഇവിടെ അലയടിക്കുന്നുണ്ട്

ജാട്ട് വോട്ടുകൾ നിർണായകമാകുന്ന ആദ്യ ഘട്ടത്തിൽ ബിജെപി 17 പേരെയാണ് ജാട്ട് വിഭാഗത്തിൽ നിന്ന് സ്ഥാനാർഥികളാക്കിയിരിക്കുന്നത്. സമാജ് വാദി പാർട്ടി ആർ എൽ ഡി സഖ്യം 18 പേരെയും സ്ഥാനാർഥികളാക്കി.

അമിത് ഷാ നേരിട്ടെത്തിയാണ് പടിഞ്ഞാറൻ യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. മുസഫർ നഗറിലടക്കം വീടുകൾ അടക്കം കയറി അമിത് ഷാ പ്രചാരണം നയിച്ചത് ഭരണവിരുദ്ധ വികാരം നിലവിലുണ്ടെന്ന തിരിച്ചറിവിനെ തുടർന്നാണ്.

അതേസമയം കോൺഗ്രസ് ചിത്രത്തിൽ തന്നെയില്ലാത്ത അവസ്ഥയാണ്. അമേത്തിയിൽ ഒരു ദിവസം മാത്രമെത്തിയതല്ലാതെ രാഹുൽ ഗാന്ധിയെ യുപിയിൽ കണ്ടിട്ടില്ല. പ്രിയങ്ക ഗാന്ധി മാത്രമായിരുന്നു കോൺഗ്രസിന്റെ ഏക താരപ്രചാരക.

Leave a Reply

Your email address will not be published.