പാലക്കാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ഹെലികോപ്റ്റർ മടങ്ങി, 24 മണിക്കൂർ പിന്നിട്ടു
പാലക്കാട് ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ നിരീക്ഷണത്തിന് ശേഷം മടങ്ങി. യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് ഹെലികോപ്റ്റർ മടങ്ങിയത്. മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു(23)ആണ് മലയിടുക്കിൽ കുടുങ്ങിയത്
അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മലയുടെ ചെങ്കുത്തായ ഭാഗത്താണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും യുവാവുള്ള സ്ഥലത്ത് എത്തിപ്പെടാനാകുന്നില്ല.
രാത്രിയിലെ കനത്ത തണുപ്പിനെയും പകൽ നേരത്തെ ചുട്ടുപൊള്ളുന്ന വെയിലിനെയും അതിജീവിച്ചാണ് ബാബു മണിക്കൂറുകളായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്ന് ആളുകൾക്ക് ബാബുവിനെ കാണാൻ സാധിക്കുമായിരുന്നു. വസ്ത്രം വീശിക്കാണിച്ച് ഇയാൾ സിഗ്നൽ നൽകുന്നുണ്ടായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നുമില്ല. ബാബു അവശനായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്
കോഴിക്കോട് നിന്നുള്ള പർവതാരോഹക സംഘം മലമ്പുഴയിലേക്ക് എത്തുന്നുണ്ട്. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ മല കയറിയത്. ഇറങ്ങുന്നതിനിടെ ബാബു കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ മര വള്ളികളും വടിയുമൊക്കെ ഇട്ട് കൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കൾ മലയിറങ്ങി താഴെയെത്തിയാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. ഇതിനിടെ ബാബു തന്നെ മൊബൈൽ ഫോണിൽ ഫയർ ഫോഴ്‌സിന്റെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്
മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. വീഴ്ചയിൽ ബാബുവിന്റെ കാലിന് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റതിന്റെ ചിത്രങ്ങൾ ബാബു സുഹൃത്തുക്കൾക്ക് അയച്ചുനൽകിയിരുന്നു. ഫോണിന്റെ ചാർജ് തീരാറായെന്നും ഇയാൾ സന്ദേശമയച്ചിരുന്നു.