Monday, January 6, 2025
Kerala

1 മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

 

സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗ രേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും

പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം. ഇതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തും. സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനെ വിമർശിച്ച മന്ത്രി സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും ഓർമിപ്പിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതര പിശകായി കാണുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വിജയകരമായി നടത്തി. പനി, കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന 1500 പേർക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ അക്കാദമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാദമിക് കാര്യങ്ങൾ കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകൾ തിങ്കളാഴ്ച മുതൽ വൈകുന്നേരം വരെയാക്കിയിരുന്നു. ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം ഈ മാസം 14ാം തീയതി മുതലാണ് പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് സ്‌കൂളുകളുടെ പ്രവർത്തനം കുറച്ചുദിവസത്തേക്ക് നിർത്തിവെച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *