ശിവശങ്കർ ദുബൈയിൽ ഫ്ളാറ്റ് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി സ്വപ്ന
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്‌ന സുരേഷ്. വിആർഎസ് റിട്ടയർമെന്റ് എടുത്ത ശേഷം ദുബൈയിൽ താമസമാക്കാനായിരുന്നു പദ്ധതിയെന്നും ഇതിനായി ഫ്‌ളാറ്റ് അന്വേഷിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സ്വപ്‌ന പറയുന്നു.
‘ശിവശങ്കറിന് എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വ്യക്തിഗത അടുപ്പമുണ്ട്. ദിനേന, ജീവിതത്തിലെ വികാരങ്ങൾ പരസ്പരം പങ്കുവച്ചിട്ടുണ്ട്. സുഖമായാലും ദുഃഖമായാലും, എന്തായാലും മൂന്നു വർഷമായി ഞങ്ങൾ ഒന്നിച്ചാണ് എല്ലാം ആഘോഷിച്ചത്. ഇപ്പോൾ എനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം ഒരു പുസ്തകവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞാൻ ഐ ഫോൺ കൊടുത്തു വഞ്ചിച്ചു എന്നാണ് പറയുന്നത്. ഒരു ഐ ഫോൺ കൊടുത്തു വഞ്ചിക്കാൻ മാത്രം ലളിതമല്ല അദ്ദേഹവുമായുള്ള ബന്ധം. ഇത്തരമൊരു ആരോപണവുമായി അദ്ദേഹം എന്തു കൊണ്ടാണ് ഇപ്പോൾ വരുന്നതെന്നറിയില്ല.’- അവർ പറഞ്ഞു.
ദുബൈയിൽ താമസമാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നും അവർ വെളിപ്പെടുത്തി. ‘വിആർഎസ് റിട്ടയർമെന്റിന് ശേഷം ശിവശങ്കറും ഞാനും യുഎഇയിൽ ജീവിക്കാൻ പദ്ധതിയുണ്ടായിരുന്നു. ദുബൈയിൽ ഫ്ളാറ്റ് അന്വേഷിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ആരോഗ്യകരമായ പ്രതിച്ഛായയല്ല ഉള്ളത്. യുഎഇ കോൺസുൽ ജനറലിനും യുഎസ് സുഹൃത്തിനുമൊപ്പം യുഎഇയിൽ ബിസിനസ് ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു.’ – റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവർ കൂട്ടിച്ചേർത്തു.
‘ശിവശങ്കർ എന്നെ പിന്നിൽനിന്നു കുത്തി. എന്നെ ചൂഷണം ചെയ്തു. ഇങ്ങനെയൊരു വലിയ അനുഭവമുള്ള ആൾ എന്നോടിത് ചെയ്യരുതായിരുന്നു. ഒരു നല്ല പാതിയെന്ന നിലയിൽ അദ്ദേഹത്തിൽനിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്നെ തെരുവിലുപേക്ഷിച്ചു. ഭർത്താവും എന്നെ തെരുവിൽ കളഞ്ഞു. സന്ദീപ് മാനസികമായി എന്നെ പീഡിപ്പിച്ചു. വഴി തെറ്റിക്കുകയും ചെയ്തു. ഒരുപാട് ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. കേരളത്തിലെ പ്രൊജക്ടുകളെ കുറിച്ച് എനിക്കറിയില്ല. ശിവശങ്കർ സാറിനെ മാത്രമേ അറിയൂ. അദ്ദേഹം അധികാരവും രാഷ്ട്രീയവും ഉപയോഗിച്ചോ എന്നൊന്നും അറിയില്ല. എന്നാൽ യുഎഇ കോൺസുലേറ്റിൽ നിന്ന് ജോലി രാജിവച്ച ശേഷം സ്‌പേസ് പാർക്ക് പദ്ധതിയിൽ ജോലി നൽകിയത് അദ്ദേഹമാണ്. സ്‌പെയ്‌സ് പാർക്കിലെ സ്‌പെഷ്യൽ ഓഫീസർമാരുമായി ശിവശങ്കറിനൊപ്പം അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.’- സ്വപ്‌ന വ്യക്തമാക്കി.