കേസുകളിൽ 94 ശതമാനവും ഒമിക്രോൺ; സംസ്ഥാനത്ത് ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ ഇപ്പോഴുള്ളത് ഒമിക്രോണിന്റെ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തുണ്ടാകുന്ന കൊവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോണാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ 80 ശതമാനവും ഒമിക്രോൺ വകഭേദമാണ്. സംസ്ഥാനത്ത് ഐ സിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവുണ്ടായി. കുട്ടികളുടെ വാക്സിനേഷൻ 69 ശതമാനം പൂർത്തിയാക്കി.
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെൽ രൂപവത്ക്കരിച്ചതായി മന്ത്രി പറഞ്ഞു. 04712518584ലാണ് മോണിറ്ററിംഗ് സെൽ നമ്പർ. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക. കൊവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ ഗ്രപരിചരണം ശക്തിപ്പെടുത്തും. എല്ലാ ജില്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുണ്ടാകും. ഏതെങ്കിലും സർക്കാർ, സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗിക്ക് ചികിത്സ നൽകാതിരുന്നാൽ ശക്തമായ നടപടി സ്വീകരിക്കും.
രോഗികളിൽ 97 ശതമാനവും ഇപ്പോൾ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ കൊവിഡ് കേസുകൾ വർധിക്കും. മൂന്ന് ആഴ്ച നിർണായകം. മൂന്ന് ദിവസത്തിൽ കൂടുതൽ പനി നീണ്ടാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്നും മന്ത്രി പറഞ്ഞു.