കോവിഡ് ഭീതി; സീറോ കൊവിഡ്’പ്രഖ്യാപിച്ച് ചൈന
ബീജിംഗ്: കൊവിഡിന്റെ ഈറ്റില്ലമായ ചൈന ഇക്കുറി രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ‘സീറോ കൊവിഡ്’നടപ്പിലാക്കുന്നതിനായി രോഗബാധ കണ്ടെത്തുന്ന ഇടങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ ലോക്ഡൗൺ നടപ്പിലാക്കുകയാണ് ഇപ്പോൾ. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എന്ത് വില കൊടുത്തും മുന്നോട്ട് പോകുവാനാണ് ചൈനയുടെ നീക്കം. ചൈനയുടെ വടക്കൻ നഗരമായ സിയാനിലാണ് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് അവരുടെ വീടുകൾ വിട്ട് പുറത്ത് പോകാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.