Wednesday, April 16, 2025
Kerala

കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു

കല്‍പ്പറ്റ: വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയിൽ സ്ഥാപിച്ച 5 കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി.

ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.  കഴുത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായി നിർത്തുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കാണാമറയത്താണ് കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ . ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായാണ് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയത്.

രാവിലെ തുടങ്ങി വൈകീട്ട് വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കടുവ എവിടേക്ക് കടന്നുവെന്ന സൂചന പോലും വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചില്ല. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്നും ഇറ്റുവീണ ചോരപ്പാടുകള്‍ കണ്ടെത്തിയ ഒരു സംഘം ഇത് പിന്തുടര്‍ന്ന് പോയെങ്കിലും നിരാശയായിരുന്നു ഫലം. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *