വഖഫ് ബോർഡ് നിയമങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി സർക്കാർ ദുർബലമാണ്: കെ. സുധാകരൻ
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. നിയമനം പിഎസ് സി വഴിയാകുന്നതിലൂടെ മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് മുസ്ലിം സമുദായ സംഘടനാ നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പൂര്‍ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും സുധാകരന്‍ പറഞ്ഞു.
വഖഫ് നിയമനം പി.എസ്.സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാണിച്ചിരിക്കുന്നത്. മുസ്ലിം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭപരിപാടികളിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതം ഒരു സ്വകാര്യ പ്രസ്ഥാനമാണ്. എല്ലാ മതങ്ങള്‍ക്കും ഭരണഘടന പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്. ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ ആയിരിക്കണം. മുസ്ലിം സമുദായത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള ഒരു സമിതിയാണ് വഖഫ് ബോര്‍ഡ്. ഇവിടെ പി.എസ്.സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് അനുചിതമാണ്. ഈ നടപടി പിന്‍വലിക്കണം എന്നും കെ. സുധാകരന്‍ പറഞ്ഞു.
മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ അവധാനത കാട്ടണം. നിയമനം പി.എസ്.സിക്ക് വിട്ടതു വഴി തുല്യനീതി, അവസര സമത്വം തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തി വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ മറ്റ് ഇതരവിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇത് മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിന് സാഹചര്യം ഒരുക്കി കൊടുക്കുമെന്നും സുധാകരന്‍ ആരോപിച്ചു.