കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആരംഭിച്ചതായി ഇഡി ഹൈക്കോടതിയിൽ
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഫയൽ ഓപ്പൺ ചെയ്തതായി ഇഡി വ്യക്തമാക്കി. തുടർന്ന് കേസ് കോടതി തീർപ്പാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് ബിജെപി കൊണ്ടുവന്ന പണമാണെന്നും ഉറവിടം വെളിപ്പെട്ടിട്ടില്ലെന്നും കള്ളപ്പണമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ഹർജിക്കാരനടക്കം നൽകിയ പരാതികളും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മേയിൽ തന്നെ അന്വേഷണത്തിനു തുടക്കമിട്ടതായി ഇഡി അറിയിച്ചു. പൊലീസിൽനിന്ന് അന്വേഷണ വിവരങ്ങൾ തേടി. ഓഗസ്റ്റിൽ കുറ്റപത്രം പൊലീസ് കൈമാറി. കേസിൽ 22 പ്രതികളും 219 സാക്ഷികളുമുണ്ട്. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമകാരം ഉചിതമായ നടപടികൾ സ്വീകരിക്കും. മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം പൊലീസ് തുടരന്വേഷണം നടത്തുന്നുണ്ടെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിലപാടറിയിക്കുന്നതിന് ഇഡി സാവകാശം തേടിയിരുന്നു. പ്രതികളെ സഹായിക്കാൻ ഇഡി ഒത്തു കളിക്കുകയാണെന്നും ഹർജി ഭാഗം നേരത്തെ ആരോപിച്ചിരുന്നു.
കൊടകര ദേശീയപാതയിൽ ഏപ്രിൽ മൂന്നിനു പുലർച്ചെ കാർ തടഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് ചേളന്നൂർ സ്വദേശിയാ ഡ്രൈവർ ഷംജീറിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്.