Tuesday, April 15, 2025
KeralaTop News

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം; ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഭർതൃവീടിന് 200 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്.

അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദൃശ്യയുടേത് ആത്മഹത്യയല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

തോടനാല്‍ ഇലവനാംതൊടുകയില്‍ രാജേഷും ദൃശ്യയും നാലുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്കുപോയ ദൃശ്യയോട് വീട്ടില്‍നിന്നും ആരെങ്കിലും ഒപ്പം കൂട്ടിവേണം മടങ്ങാനെന്ന് ഭര്‍തൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരിച്ചുവന്നത്. ഇതോടെ ഭർതൃവീട്ടുകാർ തന്നെ ദൃശ്യയയുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം കുടുംബാംഗങ്ങളുമായി സംസാരിക്കാനായിരുന്നു ഇത്.

പുലർച്ചെ 1 മണിയോടെയാണ് ഇവർ ഇവിടെ നിന്ന് മടങ്ങിയത്. തുടർന്ന് രണ്ടരയോടെ അയല്‍വാസിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്ത വീട്ടില്‍ പോയ രാജേഷിന്റെ പിതാവ് തിരികെ വന്നപ്പോഴാണ് ദൃശ്യയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയത്. വീട്ടിലും പരിസരത്തും അന്വേഷിച്ച് കണ്ടെത്താനാകാതെ വന്നതോടെ ഭർതൃവീട്ടുകാർ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കിണറിന് സമീപത്ത് നിന്ന് ഒരു ടോര്‍ച്ചും കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു.

അതേസമയം, അവസാനമായി സഹോദരിയെ കണ്ടപ്പോള്‍ പ്രശ്നങ്ങളുള്ളതായി ദൃശ്യ പറഞ്ഞിരുന്നില്ലെന്ന് സഹോദരന്‍ മണി പറയുന്നു. മദ്യപാനികളായ രാജേഷും രാജേഷിന്റെ പിതാവും ചേർന്ന് സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും മണി ആരോപിച്ചു. മരണത്തില്‍ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *