തൃശ്ശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ; നാല് പേരും യുപി സ്വദേശികൾ
തൃശ്ശൂരിൽ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാല് പേരാണ് തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ ടി എമ്മിൽ കൃത്രിമം കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് സംഘത്തെ പോലീസ് പിടികൂടിയത്.
വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആദ്യം സ്വന്തം എ ടി എം കാർഡുപയോഗിച്ച് പണം സാധാരണ രീതിയിൽ പിൻവലിക്കും. ഒപ്പം നോട്ടുകൾ മെഷീനിൽ നിന്ന് പുറത്തേക്ക് എത്തുന്നതിന് മുമ്പ് സെൻസർ കൈ കൊണ്ടുമറച്ചുപിടിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഇടപാട് നടന്നില്ലെന്ന് എടിഎം രേഖപ്പെടുത്തും. പക്ഷേ നോട്ടുകൾ പുറത്തേക്ക് വരികയും ചെയ്യും
ഇതിന് ശേഷം എടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോഷ്ടാക്കൾ കസ്റ്റമർ കെയറിലേക്ക് ബന്ധപ്പെടുകയും ഇടപാടിൽ പ്രശ്‌നമുള്ളതിനാൽ ബാങ്ക് പണം തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. ഈ രീതിയിൽ നിരന്തരം ഇവർ തട്ടിപ്പ് നടത്തിയിരുന്നു.