Thursday, January 23, 2025
National

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയരുന്നു; കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് ഡല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടത്തെ റിപോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 341 ആണ്. ബുധനാഴ്ച രാവിലെ ഇത് 314 ആയിരുന്നു. 24 മണിക്കൂറിനിടെയുള്ള ശരാശരി വായു മലിനീകരണ തോത് ചൊവ്വാഴ്ച 303 ഉം തിങ്കളാഴ്ച 281 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്.

തണുപ്പുകാലം ആരംഭിച്ചതോടെ നഗരത്തില്‍ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞതായും രണ്ടുദിവസത്തിനുള്ളില്‍ കാറ്റിന്റെ വേഗത കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം കാറ്റിന്റെ ദിശ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറും. സമീപ നഗരങ്ങളായ ഫരീദാബാദ് (306), ഗാസിയാബാദ് (334), നോയിഡ (303), ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളിലും വായുവിന്റെ ഗുണനിലവാര സൂചിക വളരെ താഴ്ന്ന നിലയിലാണ്. വായുഗുണനിലവാര സൂചിക 400ന് മുകളിലെത്തിയാല്‍ സ്ഥിതി അതീവഗുരുതരമാവും.

ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ ഇത്രയധികം മലിനീകരണമുണ്ടാവാറുള്ളത്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ മലിനീകരണത്തില്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ പങ്ക് 42 ശതമാനമായി ഉയര്‍ന്നിരുന്നു. 2019ല്‍ ഡല്‍ഹിയിലെ മലിനീകരണത്തിന്റെ 44 ശതമാനവും വൈക്കോല്‍ കത്തിച്ചതുമൂലമാണ്. വ്യാഴാഴ്ച ദീപാവലി ദിനത്തില്‍ മലിനീകരണ തോത് 20 ശതമാനമായും വെള്ളി, ശനി ദിവസങ്ങളില്‍ 35 മുതല്‍ 40 ശതമാനമായും ഉയരാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറായി മാറുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *