Saturday, October 19, 2024
Kerala

എല്ലാ ഉത്തരവാദിത്വവും സർക്കാരിന്റേത്; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

 

സ്‌കൂളുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും വേണ്ട. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാതെ രണ്ട് മീറ്റർ അകലം പാലിക്കണം

446 സ്‌കൂളുകൾക്ക് കൂടി ഇനി ഫിറ്റ്‌നസ് ലഭിക്കാനുണ്ട്. 2282 അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല. ഇവരോട് സ്‌കൂളുകളിൽ വരേണ്ടതില്ലെന്ന് നിർദേശം നൽകി. അവർ വീടുകളിൽ ഇരുന്ന് ഓൺലൈനായി കുട്ടികളെ പഠിപ്പിച്ചാൽ മതി. ഡെയ്‌ലി വേജസിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുണ്ടെങ്കിൽ അവരിനി ജോലിക്ക് വരേണ്ടതില്ല.

15,452 സ്‌കൂളുകളിൽ നൂറിൽ താഴെ സ്‌കൂളുകളിൽ മാത്രമാണ് അണുനശീകരണം നടത്താൻ ബാക്കിയുള്ളത്. സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഫണ്ട് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് തുടങ്ങിയവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.