സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം: അവലോകനയോഗം ശനിയാഴ്‌ച
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്‌ചയാണ് നടക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പകുതി സീറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പ്രവേശന അനുമതി നൽകിയേക്കും. പക്ഷേ ഹോട്ടലുകൾ തുറന്നപോലെ എസി ഉപയോഗിക്കാതെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല.
അതുകൊണ്ടുതന്നെ മാസ്‌ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്. ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ജനുവരിയിൽ തുറന്നപ്പോൾ പ്രോട്ടോക്കോൾ കൃത്യമായി പലിച്ചതടക്കം ഉന്നയിച്ചാണ് തിയേറ്റർ ഉടമകൾ സർക്കാർ തീരുമാനം കാക്കുന്നത്.
ജനുവരിയിൽ തിയേറ്റർ തുറന്നപ്പോൾ അന്ന് മുതൽ ഏപ്രിൽ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആദ്യം തിയേറ്ററുകൾ തുറക്കാനുള്ള അനുമതി ലഭിക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.