Friday, January 10, 2025
Kerala

പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

 

പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും മകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. സണ്ണിയുടേയും ബിജിയുടേയും ഏകമകളാണ് സുബി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കില്ല.

കറുകച്ചാല്‍ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്കു ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി. നിയന്ത്രണംവിട്ട ബൈക്കിന്റെ പിന്നിലിരുന്ന സുബി ബസിന്റെ പിന്‍വശത്തേക്ക് വീഴുകയായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ സുബി മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസിനേയും അഗ്‌നിരക്ഷാസേനയേയും നാട്ടുകാര്‍ വിവരം അറിയിക്കുകയയായിരുന്നു. മുക്കാല്‍ മണിക്കൂറോളമാണ് മൃതദേഹം റോഡില്‍കിടന്നത്. ഒടുവില്‍ നാട്ടുകാര്‍ചേര്‍ന്നാണ് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്.അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *