കനയ്യകുമാറിന് പിന്നാലെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: സിപിഐയുടെ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.
അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജിഗ്നേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ മത്സരിച്ച കനയ്യകുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. കനത്ത തോല്‍വി കനയ്യയ്ക്കു തിരിച്ചടിയായി.
കനയ്യയെ പാര്‍ട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തലയെടുപ്പുള്ള നേതാക്കളുടെ അഭാവമുള്ള കോണ്‍ഗ്രസിന് കനയ്യ എത്തുന്നത് ഏറെ പ്രയോജനം ചെയ്യും. ആള്‍ക്കൂട്ടത്തെ പ്രത്യേകിച്ച്, യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണു കനയ്യകുമാര്‍. ബിഹാറില്‍ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറില്‍ പാറ്റ്നയിലെ സിപിഐ ഓഫീസിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കനയ്യയെ 2021 ഫെബ്രുവരിയില്‍ സിപിഐ നേതൃത്വം ശാസിച്ചിരുന്നു. കനയ്യകുമാര്‍ ജെഡി-യുവില്‍ ചേരുമെന്ന് ഇടക്കാലത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു.