ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ അഞ്ച് ഡാമുകളുടെ ഷട്ടറുകൾ തുറന്നു
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് അണക്കെട്ടുകള്‍ തുറന്നു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര, കുണ്ടള, പൊന്മുടി അണക്കെട്ടുകള്‍ തുറന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റ ഷട്ടറുകള്‍ ഞായറാഴ്ച രണ്ട് ഘട്ടമായി 20 സെ.മീ. കൂടി ഉയര്‍ത്തി.
തൊടുപുഴയാര്‍, മൂവാറ്റുപുഴയാര്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഞായറാഴ്ച വൈകീട്ട് നാലുമുതല്‍ കല്ലാര്‍കുട്ടി ഡാമിന്റ അഞ്ച് ഷട്ടറുകള്‍ തുറന്ന് 600 കുമെക്സ് വരെ ജലം ഒഴുക്കാന്‍ തുടങ്ങി. ഇതോടെ, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
പൊന്മുടി ഡാമിന്റ രണ്ട് ഷട്ടറുകള്‍ 30 സെ.മീ. വീതം തുറന്ന് 45 കുമെക്സ് വരെ ജലം പന്നിയാര്‍ പുഴയിലേക്ക് ഘട്ടംഘട്ടമായി തുറന്നുവിടുന്നുണ്ട്. പൊന്മുടി അണക്കെട്ടിന് താഴെ പന്നിയാര്‍ പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റ ഷട്ടറുകളും ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ തുറന്നു. 1500 കുമെക്സ് വരെ വെള്ളം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ പെരിയാറിന് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.