കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു
കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി ഓട്ടോറിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ അണച്ചപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ ആളുണ്ടെന്ന വിവരം മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്ലൂന്നി സ്വദേശി അനന്തകൃഷ്ണനാണെന്ന് മനസിലായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മകള്‍ക്ക് പാല്‍പ്പൊടി വാങ്ങാനായി രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അനന്തകൃഷ്ണന്‍. വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അനന്തകൃഷ്ണന്‍റേതാണെന്ന് മനസിലായത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്കിലും കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് അനന്തകൃഷ്ണന്‍ പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ഇതിന്‍റെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. സ്നേഹിച്ച് വിവാഹം കഴിച്ച അനന്തകൃഷ്ണന്‍ വീട്ടുകാരുമായി അകന്ന് മാറിത്താമസിക്കുകയായിരുന്നു.