സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും; ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യു. ഓണത്തിന് പിന്നാലെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
വാർഡുകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമാക്കും. പ്രതിവാര രോഗവ്യാപന തോത് എഴ് ശതമാനമുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.
രാത്രികാല കർഫ്യൂവിൽ ചരക്കുവാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യാൻ അനുമതിയുണ്ട്. ദീർഘ ദൂര യാത്രികർക്കും ട്രെയിൻ കയറുന്നതിനോ എയർപോർട്ടിൽ പോകുന്നതിനോ കപ്പൽ യാത്രക്കോ പോകുന്നവർക്കോ യാത്ര ചെയ്യാം. മറ്റെന്തെങ്കിലും ആവശ്യത്തിനാണെങ്കിൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.