സംസ്ഥാനത്ത് അടുത്താഴ്ച മുതൽ രാത്രികാല കർഫ്യൂ; ജനസംഖ്യാനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ
സംസ്ഥാനത്ത് അടുത്താഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ രാത്രി 10 മണി തുടങ്ങി രാവിലെ ആറ് മണി വരെ കർഫ്യൂ ആയിരിക്കും. പ്രതിവാര രോഗബാധ ജനസംഖ്യാനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി
നേരത്തെ ജനസംഖ്യാനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്തെ പ്രമുഖരെയും വിദഗ്ധരെയും ചേർത്ത് ഒരു യോഗം ചേരും. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ എന്നിവരെയെല്ലാം യോഗത്തിലേക്ക് ക്ഷണിക്കും. സെപ്റ്റംബർ ഒന്നിനാണ് യോഗം ചേരുക.