കേരളാ മാതൃക തെറ്റാണെങ്കിൽ പിന്നേത് മാതൃകയാണ് പിന്തുടരേണ്ടത്: വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ വന്നുവെന്ന വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങൾ അനാവശ്യമാണ്. കൊവിഡിനെതിരായ പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് ഇതെന്നും മുഖ്യമന്ത്രി ചിന്തയിലെഴുതിയ ലേഖനത്തിൽ ആരോപിച്ചു
കേരളത്തിൽ മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചത്. കേരളത്തിൽ രോഗബാധയേൽക്കാൻ റിസ്‌ക് ഫാക്ടറുകൾ ഉള്ളവർ ധാരാളമുണ്ടെന്ന് അറിയാത്തവരല്ല വിമർശനങ്ങൾ ഉയർത്തുന്നത്. രാജ്യത്തെ വൻനഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണിത്. രോഗം വലിയ രീതിയിൽ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് കേരളം.
മഹാമാരിക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂർണ വാക്‌സിനേഷൻ ആണെന്നതും അതുറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ് എന്നും അറിയുന്നവർ അതൊക്കെ മറച്ചുവെച്ച് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കേരളം പിന്തുടർന്ന മാതൃക തെറ്റാണെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിൽ ഒരാൾ പോലും ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല. ഒരു തുള്ളി വാക്‌സിൻ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു. അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.