സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരും; ശബ്ദരേഖ അടക്കം പുറത്തുവിടുമെന്ന് ജലീൽ
പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ. ഹൈദരാലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ കനത്ത വില നൽകേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈയ്ക്ക് അതൊക്കെ പുറത്തുവിടേണ്ടി വരും. പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ മുന്നറിയിപ്പ് നൽകി
കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ അത് തെറ്റാണ്. 2006ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും ജലീൽ പറഞ്ഞു.
ഇഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും. സത്യം വിളിച്ചുപറഞ്ഞ മുഈൻ തങ്ങൾക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തിൽ നടപടിയെടുപ്പിക്കാനാണ് ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. പാണക്കാട് തങ്ങളെ എത്ര വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചത്. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്
മുസ്ലീം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി കെ കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും ജലീൽ ആരോപിച്ചു.