വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; ഇംഗ്ലണ്ട് 183 റൺസിന് ഓൾ ഔട്ട്, ബുമ്രക്ക് നാല് വിക്കറ്റ്,
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർക്ക് ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി നേരിടാനായില്ല. നാല് വിക്കറ്റെടുത്ത ബുമ്രയാണ് വിക്കറ്റ് വേട്ടക്ക് നേതൃത്വം നൽകിയത്.
ഇംഗ്ലണ്ട് സ്‌കോർ ബോർഡ് തുറക്കും മുമ്പേ അവർക്ക് ഓപണർ റോറി ബേൺസിനെ നഷ്ടപ്പെട്ടു. പിന്നാലെ സാക് ക്രൗലിയും ഡോം സിബിലിയും പുറത്തായതോടെ ഇംഗ്ലണ്ട് 3ന് 66 റൺസ് എന്ന നിലയിലേക്ക് വീണു. നായകൻ ജോ റൂട്ടും ജോണി ബെയിർസ്‌റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ 138 റൺസ് വരെ എത്തിച്ചു
29 റൺസെടുത്ത ബെയിർസ്‌റ്റോയെ ഷമി മടക്കി. 64 റൺസെടുത്ത ജോ റൂട്ട് താക്കൂറിന്റെ പന്തിൽ പുറത്തായി. സാം കരൺ 27 റൺസെടുത്തു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. ഇന്ത്യക്കായി ബുമ്ര നാലും ഷമി മൂന്നും താക്കൂർ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. 9 റൺസുമായി രോഹിത് ശർമയും 9 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ