വരിഞ്ഞുമുറുക്കി ലങ്കൻ ബൗളർമാർ; മൂന്നാം ഏകദിനത്തിൽ ഇന്ത്യ 225ന് ഓൾ ഔട്ട്
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസിന് ഓൾ ഔട്ടായി. മഴ തടസ്സപ്പെടുത്തിയ മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. 43 ഓവറിലാണ് ഇന്ത്യ 225ന് എല്ലാവരും പുറത്തായത്. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്ത്യൻ ഇന്നിംഗ്‌സിൽ ടോപ് സ്‌കോററായത് 49 റൺസെടുത്ത പൃഥ്വി ഷായാണ്
ടോസ് നേടിയ ധവാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 28ൽ 13 റൺസെടുത്ത ധവാൻ പുറത്തായി. പിന്നീട് മലയാളി താരം സഞ്ജു സാംസണും പൃഥ്വി ഷായും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ 102 റൺസ് വരെ എത്തിച്ചു. 49 റൺസെടുത്ത പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ അധിക നേരം ക്രീസിൽ തുടരാൻ സഞ്ജുവിനും സാധിച്ചില്ല.
46 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിംഗ്‌സിലെ ഏക സിക്‌സും ഇതായിരുന്നു. മനീഷ് പാണ്ഡെ 11 റൺസിന് പുറത്തായി. സൂര്യകുമാർ യാദവ് 40 റൺസിന് വീണു. ഹാർദിക് പാണ്ഡ്യ 19 റൺസിനും നിതീഷ് റാണ ഏഴ് റൺസിനും കൃഷ്ണപ ഗൗതം 2 റൺസിനും വീണു
രാഹുൽ ചാഹർ 13ഉം നവ് ദീപ് സൈനി 15 റൺസുമെടുത്തു പുറത്തായി. ശ്രീലങ്കക്ക് വേണ്ടി അഖില ധനഞ്ജയ, പ്രവീൺ ജയവിക്രമ എന്നീവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ചമീര രണ്ടും കരുണരത്‌ന, ശനക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.