Tuesday, April 15, 2025
Kerala

മറ്റൊരു രീതിയിലേക്ക് വ്യാപാരികൾ പോയാൽ നേരിടേണ്ട രീതിയിൽ നേരിടും: മുഖ്യമന്ത്രി

 

വ്യാഴാഴ്ച മുതൽ സർക്കാർ ഇളവിന് കാത്തുനിൽക്കാതെ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകുന്ന നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

സാഹചര്യത്തിന് അനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ ബി സി വിഭാഗങ്ങളിലുള്ള നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകും. ഇലക്ട്രോണിക്‌സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും.

തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കലക്ടർമാർക്ക് അനുമതി നൽകാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *