Friday, April 18, 2025
Kerala

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധർ മാത്രം: ഗതാഗത മന്ത്രി

 

തിരുവനന്തപുരം: കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോർഡാണ് നിലവിൽ ഉണ്ടായിരുന്നത്. ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആർടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ധ അംഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുന സംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.

സംസ്ഥാന സർക്കാരിൽ നിന്നും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെഎസ്ആർടിസി, ഫിനാൻസ് വകുപ്പ് സെക്രട്ടറി / നോമിനി, ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടമോന്റ് സെക്രട്ടറി/ നോമിനി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും, , കേന്ദ്ര സർക്കാരിൽ നിന്നും ഗതാഗത ഹൈവേ മന്ത്രാലയം, റെയിൽവെ ബോർഡ് എന്നിവയിലെ പ്രതിനിധികളുമാണ് പുതിയ ഡയറക്ടർ ബോർഡിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *