Thursday, January 23, 2025
Kerala

കാമുകനൊപ്പം പോകാന്‍ യുവതി നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു

 

ചാത്തന്നൂർ (കൊല്ലം) :കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. പേഴുവിളവീട്ടിൽ രേഷ്മ(22)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിന് പുലർച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആൺകുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്.

സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ജനുവരി നാലിന് രാത്രി എട്ടരയോടെ വീടിനുപുറത്തുള്ള ശൗചാലയത്തിൽെവച്ച് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മയുടെ ജ്യേഷ്ഠത്തി രശ്മിയാണ് അഞ്ചിന് രാവിലെ ആറുമണിയോടെ വീടിനുസമീപത്ത് കുഞ്ഞിനെ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് പോലീസിനെ വിവരമറിയിച്ചതും കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചതും. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി.യിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

കുഞ്ഞിന്റെ അമ്മയെത്തേടി വിഷ്ണുവടക്കം അലയുമ്പോഴും ഒരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇവർക്കൊപ്പം രേഷ്മയും ഉണ്ടായിരുന്നു. രേഷ്മ ഗർഭിണിയാണെന്ന വിവരംപോലും മറ്റാർക്കും അറിയാത്തതിനാൽ ആരും സംശയിച്ചിരുന്നില്ല. ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും പോലീസ് നായയും ഫൊറൻസിക് വിദഗ്‌ധരും പരിശോധനനടത്തുകയും ചെയ്തിരുന്നു.

കുഞ്ഞിനെ കാണപ്പെട്ട പറമ്പിന്റെ ഉടമകളായ രേഷ്മയുടെ കുടുംബത്തെ സംശയമുണ്ടായിരുന്നു. മൂന്നുതവണ ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഡി.എൻ.എ. പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിന്റെയും രേഷ്മയും കുടുംബാംഗങ്ങളും അടക്കമുള്ളവരുടെയും ഡി.എൻ.എ. ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം തിങ്കളാഴ്ച വൈകീട്ടോടെയാണ് പോലീസിനു ലഭിച്ചത്. ഇതേത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ രേഷ്മയെയും മാതാപിതാക്കളെയും പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ എ.സി.പി. വൈ.നിസാമുദ്ദീൻ, പാരിപ്പള്ളി എസ്.എച്ച്.ഒ. ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ രേഷ്മ കുറ്റംസമ്മതിക്കുകയായിരുന്നു.

ഭർത്താവ് ജോലിക്കുപോകുന്ന സമയത്ത് രേഷ്മ സാമൂഹികമാധ്യമത്തിലൂടെ കൊല്ലം സ്വദേശിയുമായി ആശയവിനിമയം നടത്തുക പതിവായിരുന്നു. മൂന്നുവയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മകൂടിയായ രേഷ്മ, ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചുചെന്നാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയാൾ വാക്കുനൽകി. കാമുകനൊപ്പം പോകുന്നതിന് തയ്യാറെടുക്കവെയാണ് രേഷ്മ രണ്ടാമതും ഗർഭിണിയായത്. ഗർഭവും കുഞ്ഞും പുതിയബന്ധത്തിന് തടസ്സമാകുമെന്നുകണ്ടാണ് ഗർഭിണിയാണെന്ന വിവരം ഭർത്താവിൽനിന്നുപോലും മറച്ചുെവച്ചതെന്ന് രേഷ്മ പോലീസിനോടുപറഞ്ഞു. ‌വൈദ്യപരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കൊല്ലത്തെ താത്‌കാലിക കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി റിമാൻഡ് ചെയ്തു. രേഷ്മയുടെ ബന്ധുക്കൾക്ക് കേസിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. വിഷ്ണു ഇപ്പോൾ വിദേശത്താണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *