Thursday, January 23, 2025
Kerala

ലോക്ഡൗണ്‍ നീട്ടാൻ സാധ്യതയുണ്ടോ; തീരുമാനം ഇന്ന്

 

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവുമുണ്ട്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം.

എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. എന്നാൽ രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണു മറ്റന്നാള്‍ വരെ നിബന്ധനകള്‍ കര്‍ശനമാക്കിയത്.

ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. നിയന്ത്രണം കര്‍ശനമാക്കിയ ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും നീക്കാന്‍ ഇന്നലെയും നടപടികള്‍ ഉണ്ടായില്ല. അത്യാവശ്യം ജീവനക്കാരുമായി കൃഷിഭവനുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *