മൂന്നര ലക്ഷം പേർക്ക് രണ്ടാഴ്ചക്കകം ആസ്ട്രസെനക രണ്ടാം ഡോസ് നൽകുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാഴ്ചക്കകം മൂന്നര ലക്ഷം പേർക്ക് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാമത് ഡോസ് നൽകും.29 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മിഷ്രിഫ് എക്സിബിഷൻ സെൻററിലെ കുത്തിവെപ്പ് കേന്ദ്രം, ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം തുടങ്ങിയവയിലൂടെ മാരത്തൺ കാമ്പയിൻ നടത്തിയാണ് രണ്ടാം ഡോസ് നൽകാനൊരുങ്ങുന്നത്.
ആസ്ട്രസെനക വാക്സിൻ ലഭ്യതക്കുറവ് കാരണം രണ്ടാം ഡോസ് നൽകുന്നത് മന്ദഗതിയിലാക്കിയിരുന്നു. ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് നൽകുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു.
മൂന്നു മാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ടു ഡോസ് നൽകുന്നത്.നിലവിൽ ഈ കാലപരിധി കഴിഞ്ഞ നിരവധി പേർ ഉള്ളതായും ഇവരിൽ ചിലർക്ക് കോവിഡ് ബാധിച്ചതായും ചൂണ്ടിക്കാട്ടുന്നു. രണ്ട് ബാച്ചുകൾക്കുശേഷം മൂന്നാം ബാച്ച് വരാൻ വൈകിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് ആദ്യ ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിന്റെ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു.
പുതുതായി ഈ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിരുന്നു.ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതലായി സൂക്ഷിച്ചു. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചത്.