Saturday, October 19, 2024
National

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാർശയും ഇതോടൊപ്പം അംഗീകരിച്ചു.

കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതിക-ഉപദേശക സമിതി (എൻ.ടി.ജി. ഐ.) യുടെ ശുപാർശകൾ അംഗീകരിച്ചത്. ഗർഭിണികൾക്കും വാക്സിനെടുക്കാമെന്ന് സമിതി നിർദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായർ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതി. മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനുശേഷം 4-8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താൽ മതിയെന്നുമുള്ള നിർദേശങ്ങളും അംഗീകരിച്ചു.

കോവിഡ് നെഗറ്റീവായതിനോ വാക്സിൻ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.