Wednesday, April 16, 2025
Kerala

സമുദായ സംഘടനകൾ പരിധി വിടുമ്പോഴാണ് പ്രശ്‌നം; എൻ എസ് എസിന്റെ സുകുമാരൻ നായർക്കെതിരെ വിജയരാഘവൻ

 

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻ എസ് എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തുന്ന സമീപനമായിരിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുകയെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു

സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെ. പരിധി വിടുമ്പോഴേ പ്രശ്‌നമുള്ളു. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ല. മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുന്നതാണ് കണ്ടത്.

വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻ എസ് എസിനെ പോലുള്ള സമുദായസംഘടനകൾ നോക്കുന്നില്ല. എൻ എസ് എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായസംഘടനകൾ ശ്രമിക്കുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെ പോലെയുള്ളവർ മനസ്സിലാക്കണം

സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഎം സ്വീകരിച്ചിട്ടില്ല. അവരോട് ഏറ്റുമുട്ടുകയെന്നത് സിപിഎമ്മിന്റെ നയമല്ല. സർക്കാരിന് മുമ്പിൽ എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുകയാണുണ്ടായത്. എന്നാൽ ജാതിമത സംഘടനകളുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽ ഡി എഫ് സർക്കാർ തയ്യാറായിരുന്നില്ല. തുടർന്നും അതുതന്നെയായിരിക്കും നിലപാടെന്നും വിജയരാഘവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *