Friday, January 24, 2025
Sports

കോവിഡ് ചട്ടക്കൂട് തുണച്ചു; കോഹ്‌ലിയും രോഹിത്തും വീണ്ടും ഭയ്യാ ഭയ്യാ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള അസ്വാരസ്യം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ വഴിവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നം എന്ത് എന്നതില്‍ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മില്‍ അത്ര സുഖത്തിലല്ലെന്ന് താരങ്ങളുടെ സമീപനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാലിപ്പോഴിതാ ഇരുവര്‍ക്കും ഇടയിലെ മഞ്ഞ് ഉരുകി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കോവിഡ് സാഹചര്യത്തിലെ നീണ്ട നാളായുള്ള ക്വാറന്റൈനും ഐസലേഷനും പരിശീലകന്‍ രവി ശാസ്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇരുവരെയും തിരിച്ച് സൗഹൃദത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കാലത്ത് ഡ്രസിംഗ് റൂമിലും മറ്റുമായി ഒതുങ്ങി കൂടിയ ടീമിന് പരസ്പരം മനസ്സിലാക്കാനും സംസാരിക്കാനും നല്ലയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്ന് ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബയോ ബബിളിന്റെ അസ്വസ്ഥതയില്‍ തുടരുമ്പോളം ടീമിന് സംഭവിച്ച ആരോഗ്യകരമായ കാര്യമാണിതെന്നാണ് ഇവര്‍ പറയുന്നത്.

രണ്ട് വലിയ പരമ്പരകള്‍ നേടിയതിനു പുറമേ, ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിനുള്ളിലെ ഏറ്റവും വലിയ നേട്ടമാണിത്.  മാത്രമല്ല ഒരു ടീം, അവരുടെ ഉത്തരവാദിത്വങ്ങള്‍, വരാനിരിക്കുന്ന വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് അവര്‍ മുമ്പത്തേക്കാളും സമന്വയത്തിലാണ്. ഒരുമിച്ച് നിന്നാല്‍ മാത്രമേ ടീമിന് തങ്ങളുടെ പ്രയത്നത്തിന്‍റെ പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് എന്നത്തേക്കാളും കൂടുതല്‍ അവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചറിവും നേട്ടവുമാണിത്.’

‘പുറത്തു നിന്നുള്ള സംഭാഷണങ്ങളും മറ്റും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇത് വളരെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഥയാണ്. പല കാര്യങ്ങളില്‍ വിരാടിനും രോഹിതിനും കാലാകാലങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ പരസ്പരം സൗഹൃദത്തോടെ സംസാരിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് അവര്‍ ഒന്നിച്ച് ഫോട്ടോഗ്രാഫുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഏകദിന പരമ്പരയ്ക്കിടെയും കളിക്കിടെയും രോഹിതുമായി ചര്‍ച്ചകള്‍ നടത്തുന്നു സംസാരിക്കുന്നു. ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു, എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് അവര്‍ തന്നെ തീരുമാനിച്ചു, അതിനുള്ള സമയവും ലഭിച്ചു.’ ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പതിവില്‍ നിന്ന് വ്യത്യസ്തമായി മൈതാനത്ത് കോഹ്‌ലി-രോഹിത് സംഭാഷണം ഊര്‍ജ്ജിതമാണ്. ഫീല്‍ഡ് സെറ്റിംഗിലും മറ്റും കോഹ്‌ലി- രോഹിത് സഖ്യം തന്ത്രങ്ങള്‍ മെനയുന്നത് ക്രിക്കറ്റ് പ്രേമികള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കണ്ടിരുന്നു. ടി20 പരമ്പരയില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്ത് കോഹ്‌ലി സൗഹൃദത്തിന്റ പുതിയ അധ്യായം തുറന്നെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാ‌ക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *