യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
ബജ്റംഗ് ദൾ പ്രവർത്തകരും ഝാൻസി പോലീസും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനിൽ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇവരെ വിട്ടയച്ചത്.
രാജ്യത്തിൻറെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിൻറെയും ഝാൻസി പോലീസിൻറെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും ആവശ്യപ്പെട്ടു.