പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയവരിലൊരാൾ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട് കീറിയ പറമ്പത്ത് രാജുവാണ് മരിച്ചത്. പുലർച്ചെ നാട്ടുകാരാണ് രാജുവിനെയും ഭാര്യയെയും രണ്ട് മക്കളെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മറ്റ് മൂന്നുപേരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിസയിലാണ്.
പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജുവിന്റെ വീട്ടിൽ നിന്ന് കരച്ചിൽ കേൾക്കുകയും തീ ഉയരുന്നത് കാണുകയും ചെയ്ത് ഓടിയെത്തിയ നാട്ടുകാരാണ് കുടുംബാംഗങ്ങളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. രാജുവിനൊപ്പം ഭാര്യ റീന, പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന മക്കൾ സ്റ്റാലിഷ്, സ്റ്റെഫിൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർ കിടന്നിരുന്ന മുറി പൂർണമായും കത്തിനശിച്ചു. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പാനൂര്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.