കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ. ഗ്ലാസ് ഫാക്ടറി കോളനിയിലെ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ മർദിച്ചുവെന്ന് ആരോപിച്ച് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടികളെ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
പ്രതികളുടെ സുഹൃത്ത് തന്നെയായ പതിനേഴുകാരനെയാണ് ഇവർ മർദിച്ചത്. കെട്ടിടത്തിന്റെ മുകളിൽ വെച്ച് ഊഴമിട്ട് മർദിക്കുന്നതിന്റെയും അവശനാക്കിയ ശേഷം നിർബന്ധിച്ച് ഡാൻസ് കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിനെ തുടർന്നായിരുന്നു മർദനം. കേസിൽ ഏഴ് പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.