വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്
ബെംഗളൂരു: സ്‌കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിൽ ആയിരിക്കുകയാണ്. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായി കൊറോണ വൈറസ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.
ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള 18 അധ്യാപകര്‍ക്കും രോഗം ബാധിച്ചതായി ബെലഗാവി ജില്ല കളക്ടര്‍ പറഞ്ഞു. കടോലിയിലെ നാല് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌കൂള്‍ പൂട്ടിയതായും പൂര്‍ണമായി സാനിറ്റൈസ് ചെയ്തതിനു ശേഷം ഒരാഴ്ചയ്ക്കു ശേഷമേ വീണ്ടും തുറക്കൂവെന്നും കളക്ടര്‍ വ്യക്തമാക്കുകയുണ്ടായി.